Tuesday, May 13, 2008

ഒരു ഗ്രാമം,അതിലൊരു മനുഷ്യന്‍.

ടിവി ഇല്ലാത്ത കാലം.മൊബെയില്‍ ഫോണും കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഇല്ലാത്തകാലം.ഒരു വായനാശാല അതിലൊരു റേഡിയോ,തീര്‍ന്നു ഗ്രാമത്തിലെ എന്റര്‍ട്ടയിന്‍മന്റ്‌.ഇടിഞ്ഞ്‌ വീഴാറായ പഴയ ഒറ്റമുറി കെട്ടിടം.അകത്ത്‌ മൂലയില്‍ പലയിടത്തും പുറ്റുകള്‍.ഒരു പഴഞ്ചന്‍ അലമാരിയില്‍ വാരിവലിച്ചിട്ടിരിക്കുന്ന പുസ്തകങ്ങള്‍.പലതും കവറും പേജുകളും നഷ്ടപ്പെട്ടത്‌.വാതില്‍ക്കല്‍ തന്നെ ഒരു ബഞ്ചിട്ടിരിക്കുന്നു.ബഞ്ചില്‍ നീണ്ടുനിവര്‍ന്നു കിടക്കുന്ന, ഒരു വലിയ തോര്‍ത്തു മാത്രമുടുത്ത, ദേഹം നിറയെ ഭസ്മം പൂശിയ വൃദ്ധനാണ്‌ ലൈബ്രേറിയന്‍-നമ്പീശന്‍.ആരേയും അകത്തു കടത്തില്ല.വായില്‍ സദാ മുറുക്കാന്‍.രാവിലെ അമ്പലത്തില്‍ പോയി വന്നശേഷം ആറുമണിക്കാണ്‌ വായനശാല തുറക്കുക.പകല്‍ മുഴുവന്‍ തുറന്നിരിക്കും.വൈകീട്ട്‌ ആറുമണിക്കടക്കും.വായനശാലാ സമയം ബ്രാഹ്മ മുഹൂര്‍ത്തം മുതല്‍ ത്രിസന്ധ്യ വരേ, എന്നു ഞാന്‍ കളിയാക്കി പറയുമായിരുന്നു.നമ്പീശന്‍ ആയിരുന്നു വായനാശാലയുടെ എല്ലാം.കമ്മിറ്റിയൊന്നുമില്ല.ചെല്ലുന്ന ആരേയും തട്ടിക്കയറും.കിടന്നകിടപ്പില്‍ പുറകോട്ട്‌ കയ്യെത്തിച്ച്‌ കിട്ടുന്ന ഒരു പുസ്തകം എടുത്തു നീട്ടും.എതിര്‍ത്തൊന്നും പറയാന്‍ പാടില്ല. പറഞ്ഞാല്‍ പിന്നെ പുസ്തകവുമില്ല,മെംബര്‍ഷിപ്പുമില്ല.എട്ടാം ക്ലാസില്‍ വച്ച്‌ അവധിക്കാലത്ത്‌ മെംബര്‍ഷിപ്പിനായി വിറച്ച്‌ വിറച്ച്‌ ചെന്ന എന്നെ നോക്കി സിംഹത്തെപ്പോലെ നമ്പീശന്‍ മുരണ്ടു."ഉം,എന്താ?"ഞാന്‍ പേടിച്ച്‌ കാര്യം പറഞ്ഞു.പിന്നെ കര്‍ശനമായ ഇന്റര്‍വ്യൂ.പുസ്തകവും വരിസംഘ്യയും കൃത്യമായി എത്തിച്ചില്ലെങ്കില്‍ വീട്ടില്‍ വരും.നടക്കല്ലില്‍നിന്നു തന്നെ ഫോം ഒപ്പിട്ടുകൊടുത്തു.അകത്തു കടക്കാന്‍ പാടില്ലല്ലോ.പിന്നിലേക്ക്‌ കയ്യെത്തിച്ച്‌ ഒരു പുസ്തകമെടുത്തു തന്നു.പി.ആര്‍.ശ്യാമളയുടെ ഒരു നോവല്‍.ഭ്രാന്തമായ വായനയുടെ കാലം.പിറ്റേന്നു തന്നെ പുസ്തകവുമായി എത്തും.ഒരാഴ്ച കഴിഞ്ഞപ്പോള്‍ കയ്യെത്തിച്ച്‌ എടുത്തുതന്ന പുസ്തകവുമായി ഞാനൊന്നു പരുങ്ങി നിന്നു."ഉം,എന്താ?"നമ്പീശന്‍ സംശയത്തോടെ മുരണ്ടു."അത്‌..അത്‌..എം.ടിയുടെ പുസ്തകം ഏതെങ്കിലുമുണ്ടോ?"ഞാന്‍ വിക്കി വിക്കി ചോദിച്ചു."അപ്പോള്‍ ഈ പുസ്തകം വേണ്ടാ,അല്ലേ?"ആപത്തു തിരിച്ചറിഞ്ഞ്‌ നമ്പീശന്‍ അലറി"അതെ"എവിടന്നോ കിട്ടിയ ധൈര്യത്തില്‍ ഞാന്‍ പറഞ്ഞു."എം.ടി.യുടെ പുസ്തകം വേണം."പയ്യന്‍ തന്റെ കയ്യില്‍ ഒതുങ്ങില്ല എന്നു നമ്പീശനു ബോധ്യമായി.തളര്‍ന്ന ഭാവത്തില്‍ പുസ്തകം വാങ്ങി മൂലയ്ക്കലേക്ക്‌ ഒരേറ്‌.പിന്നെ എറെനേരം പരതി പല്ലിറുമ്മി തുറിച്ചു നോക്കി ഒരു പുസ്തകമെടുത്തുകാട്ടി.എം.ടിയുടെ 'പാതിരാവും പകല്‍വെളിച്ചവും'.ഒടുവില്‍ ഞാനും നമ്പീശനും സൗഹൃദത്തിലായി.എനിക്കുമാത്രം അകത്തേക്ക്‌ പ്രവേശനം ലഭിച്ചു.പുസ്തകം സെലക്റ്റുചെയ്യാന്‍ അനുവാദം കിട്ടി.പക്ഷേ ഇതിനു വിലയായി ഏറെനേരം നമ്പീശന്റെ കഥകളും ഫലിതങ്ങളും കേട്ടിരിക്കേണ്ടി വന്നു.ഒരിക്കല്‍ പുസ്തകം എടുക്കാന്‍ വന്ന പയ്യന്‌ എടുത്തു കൊടുത്ത പുസ്തകം വേഗത്തിലൊന്ന് മറിച്ചുനോക്കി തിരിച്ചു കൊടുത്തു."ഇതു വേണ്ടാ.""ഹോ,വിവേകാനന്ദന്‍!"പയ്യനെനോക്കി നമ്പീശന്‍ അലറി.പിന്നെ പയ്യനെ ഓടിച്ചു."നിനക്കു മെംബര്‍ഷിപ്പുമില്ല,പുസ്തകവുമില്ല."കാര്യം പിടികിട്ടാതെ നിന്ന എന്നോട്‌ നമ്പീശന്‍ വിശദീകരിച്ചു.പണ്ട്‌ വിവേകാനന്ദന്‍ അമേരിക്കയില്‍ ചെന്നപ്പോള്‍ ഒരു ലൈബ്രറിയിലിരുന്ന് ഒരു പുസ്തകം മറിച്ചു നോക്കുകയായിരുന്നു.അത്ഭുതത്തോടെ ഇത്‌ നോക്കിയിരുന്ന ഒരു സായിപ്പിനോട്‌ ഞാനിത്‌ വായിക്കുകയായിരുന്നു എന്ന് വിശദീകരിക്കുകയും സംശയം മാറാതെ സായിപ്പ്‌ പുസ്തകത്തില്‍ നിന്ന് കുറെ ചോദ്യങ്ങള്‍ ചോദിച്ചു.വിവേകാനന്ദന്‍ അതിന്‌ കൃത്യമായി മറുപടി പറഞ്ഞു.അതുപോലെയാണ്‌ ഈ പയ്യന്‍ പുസ്തകം മറിച്ചു നോക്കി വായിച്ചു തീര്‍ത്തതെന്ന് നമ്പീശന്‍.ഗ്രാമത്തിലെ ചെറുപ്പക്കാരെ സംഘടിപ്പിച്ച്‌ ഒരു പുതിയ കമ്മിറ്റി രൂപീകരിച്ചു.ഞാന്‍ സെക്രട്ടറി,നമ്പീശന്‍ ലൈബ്രേറിയന്‍.വൈകീട്ട്‌ ആറുമണിവരെ നമ്പീശന്‍ ഇരിക്കും.അതിനുശേഷം ഞാന്‍.പുതിയകെട്ടിടം പണിതു.പുതിയ പുസ്തകങ്ങള്‍വാങ്ങി. സാംസ്ക്കാരികകേന്ദ്രമായി മാറി.ഈ മാറ്റങ്ങളോടൊക്കെ പൊരുത്തപ്പെടാന്‍ നമ്പീശനു ബുദ്ധിമുട്ടായി.ഞാനൊഴിച്ച്‌ മറ്റ്‌ കമ്മിറ്റി അംഗങ്ങളുമായി യോജിക്കാന്‍ നമ്പീശനു കഴിഞ്ഞില്ല. ഒടുവില്‍ നമ്പീശന്‍ സ്വമേധയാ പിന്മാറി.എനിക്ക്‌ വേദനയുണ്ടായിരുന്നു.പക്ഷെ കാലത്തിന്‌ പുറകില്‍ നില്‍ക്കുന്ന ആ മനുഷ്യനേയും കൊണ്ട്‌ മുന്നേറാന്‍ പുതിയ തലമുറക്ക്‌ കഴിയുമായിരുന്നില്ല.പിന്നെ നമ്പീശന്‍ ഇരുന്ന കാലഘട്ടത്തിലെ ഗവ:ലൈബ്രേറിയന്‍ ഗ്രാന്റ്‌(വര്‍ഷങ്ങള്‍ വൈകിയാണ്‌ കിട്ടുക.)കിട്ടുന്നതൊക്കെ നമ്പീശന്‌ ഞാന്‍ കൃത്യമായി നല്‍കുമയിരുന്നു.മറ്റുള്ളവര്‍ എതിര്‍ത്തിട്ടും.

8 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

വായിക്കുവാനു വൈകിയെങ്കിലും കഥയൊ അനുഭവമോ എന്തുതെന്നെ യായാലും ഗംഭീരമായി!

ജിജ സുബ്രഹ്മണ്യൻ said...

പാവം നമ്പീശന്‍ ! ഞങ്ങളുടെ നാട്ടിന്‍പുറത്തു പെണ്‍കുട്ടികള്‍ ലൈബ്രറിയില്‍ പോകുന്ന പതിവില്ല.എനിക്കു വേണ്ടി അച്ഛാച്ചന്‍ പുസ്തകം എടുത്തു തരും,,മിക്കവാറും മുട്ടത്തു വര്‍ക്കിയുടെ നോവലുകള്‍.മുതിര്‍ന്നതില്‍ പിന്നെ പഠിച്ചിരുന്ന സ്കൂളിനു അടുത്തുള്ള ലൈബ്രറിയില്‍ കൂട്ടുകാരിയോടൊന്നിച്ചു പോകും..ഇപ്പോള്‍ ആ പതിവും ഇല്ല..വായിക്കണം എന്നു തോന്നുന്ന പുസ്തകം വാങ്ങിക്കും...

ഹരീഷ് തൊടുപുഴ said...

ഇപ്പോഴത്തെ കുട്ടികള്‍ ലൈബ്രറിയില്‍ പോകാറുണ്ടൊ? ആവോ? എങ്കിലും എന്റെ കുട്ടിക്കാലം മുതല്‍, ലൈബ്രറിയില്‍ പോയി പുസ്തകം എടുത്ത് ആര്‍ത്തിയോടെ വായിച്ചു നടന്നിരുന്ന കാലം ഓര്‍മിപ്പിക്കുന്നു. ഇപ്പോള്‍ അഞ്ചുവര്‍ഷമായി ലൈബ്രറിയില്‍ പോകാതായിട്ട്, പ്രാരാബ്ധ്ങ്ങള്‍ക്കാരണം സമയം അനുവദിക്കുന്നില്ല, അതൊരു തീരാനഷ്ടമായി തോന്നിത്തുടങ്ങിയിരിക്കുന്നു, ഇനി പോയിത്തുടങ്ങണം, കുറെ വായിക്കണം.........

ഉഗാണ്ട രണ്ടാമന്‍ said...

സഗീര്‍ പറഞ്ഞതിനു താഴെ ഒരൊപ്പ്...

വേണു venu said...

നമ്പീശനെ അറിയാവുന്ന പോലെ മാഷേ.:)

Kichu $ Chinnu | കിച്ചു $ ചിന്നു said...

nannaayirikkunnu

Please remove the word verification

ചേലേരിയാന്‍ said...

ചേലേരിയാന്‍
അതെ എല്ലാവര്ക്കും ഒരു നമ്പീശനുണ്ട്
നന്നായിരിക്കുന്നു
നമ്മള്‍ പറയുന്നതും കഥ ആവുന്നു
അതെ പ്രായമാകുന്നു എന്നതാണ് കഥ ജനിക്കുന്ന ഒരവസ്ഥ

AnaamikA said...

nannayirikkunnu...