Tuesday, October 28, 2008

കള്ളൻ........തീർന്നു....

അയാൾ എന്നെനിശിതമായി നോക്കി...ഞാനൊന്നു ചുളുങ്ങി...
നാരായണൻ നായരുടെ നേരെ മുഖമുയർത്തി അയാൾ ചോദിച്ചു..
"ഏതാണീ പയ്യൻ? എന്തൊക്കെയോ വായിച്ച ലക്ഷണമുണ്ടല്ലോ?"
നാരായണൻ നായർ ഭവ്യമായി പറഞ്ഞു..
"അയ്യോ..അത്‌ പയ്യനൊന്നുമല്ല...."ഇന്ന" സ്ഥലത്തെ ഉദ്യോഗസ്ത്ഥനാണ്‌...മാത്രമല്ല..."ഇന്ന"യാളുടെ മകനുമാണ്‌ ---
പ്രാദേശികമായി അൽപ്പം പ്രശസ്തനായ അച്ചന്റെ പേരു പറഞ്ഞു...
അയാളുടെ മുഖത്തെ കാർക്കശ്യം അയഞ്ഞു...മുഖത്ത്‌ വാൽസല്യത്തിന്റെ കണികകൾ...ഒരു മന്ദഹാസത്തേ‍ാടെ അയാൾ നാരായണൻ നായരോട്‌ പറഞ്ഞു.
."ആഹാ വെറുതെയല്ലാ അയാൾ ഇങ്ങനെ പറഞ്ഞത്‌...ഇന്നയാളുടെ മോനല്ലേ? പിന്നെ പറയാതിരിക്കുമോ? പറയണം... പറഞ്ഞെ പറ്റൂ..അല്ലെങ്കിൽ ഇയാൾ അങ്ങെരുടെ മോനാകില്ല..."
അയാൾ എന്നോട്‌ പറഞ്ഞു....അച്ചനും അയാളുമായി നല്ല പരിചയമായിരുന്നു...പിന്നെ അയാൾ അച്ചനെ --ആ പ്രവിശ്യയിൽ---പ്രശസ്തനാക്കിയ കഥകൾ പറഞ്ഞു.....ഒന്നാം ദിവസംകഴിഞ്ഞു..
പിറ്റേന്ന് രാവിലേയും അയാൾ കടയ്‌ലുണ്ട്‌.....
ഞങ്ങൾ ഏറെ നേരം സംസ്സാരിച്ചിരുന്നു...എന്റേത്‌ മുഴുവൻ സംശയങ്ങളാണ്‌...
തുടർന്നുള്ള ദിവസങ്ങൾ......നിരവധി വിഷയങ്ങളെപ്പറ്റി ഞങ്ങൾ സംസ്സാരിച്ചു..എന്റെ എല്ലാ ചോദ്യങ്ങൾകും അയാൾ ആധികാരികമായി ഉത്തരം പറഞ്ഞു...
ഒരു ദിവസം വിഷയം കഥകളി,അടുത്ത ദിവസം അയാൾ സഞ്ചരിച്ച നാടുകൾ....... സംഗീതം, കവിതകൾ, പ്രശസ്തവ്യക്തികൾ ....സിനിമാഗാനങ്ങൾ..അങ്ങനെ തുടർന്നു..
അയാൾ ശരിക്കും അറിവിന്റെ ഒരു ഭണ്ടാഗാരമായിരുന്നു....അയാൾ സംസ്സാരിക്കുമ്പോൾ ഞങ്ങൾ നിശ്ശബ്ധരായി ആകാംക്ഷയോടെ അത്‌ ശ്രവിച്ചുകൊണ്ടിരുന്നു..
ഞാൻ ചോദിച്ച ലളിതമായ ഒരു സംശയം പറയാം -ഒരു മുറൈ വന്ത്‌ പാർത്തായ-എന്നതിന്റെ അർത്ഥം എനിക്കറിയില്ലായിരുന്നു..
.അയാളത്‌ പറഞ്ഞ്‌ തന്നു...
മണിച്ചിത്രത്താഴ്‌ അയാൾ നിരവധി വട്ടം കണ്ടുവത്രെ...
. ഇതിനിടയിലും എനിക്കൽപം ഭയമുണ്ടായിരുന്നു...
കേരളത്തിലെ പോലീസ്‌ വൃത്തങ്ങളിൽ അറിയപ്പെടുന്ന ഒരു കള്ളനുമായാണ്‌ എന്റെ സൗഹ്രുതം....
ഒരാഴ്ച്ച കഴിഞ്ഞു..അയാൾ അപ്രത്യക്ഷൻ ആയി...
ഏതായാലും നാട്ടിലെ ഏറ്റവും അറിവുളയാൾ എന്ന എന്റെ അഹങ്കാരം തകർന്നുപോയി....വെറുമൊരു കള്ളനുള്ള അറിവിന്റെ ഒരംശം പോലും എനിക്കില്ല എന്നെനിക്ക്‌ മനസ്സിലായി...
വഴി പിഴച്ചുപോയ ഒരു പ്രതിഭാശാലി....
പിന്നീട്‌ ട്രെയിനിൽ വച്ച്‌ അയാൾ അരസ്റ്റിലായി എന്നു കേട്ടു...
കുറച്ചു നാൾ കഴിഞ്ഞു...നാട്ടിലെ അമ്പലത്തിൽ ഉത്സവം....
അയാൾ നേരത്തെ എത്തി...ഉച്ച്ക്ക്‌ തന്നെയിരുന്ന് വെടിക്കൊപ്പുകൾ നിറക്കുമ്പോൾ ഒരു പൊട്ടിത്തെറി....
ആസകലം തൊലി നഷ്ടപ്പെട്ട അയാളെ വാഴയിലയിൽ കിടത്തി ആശുപത്രിയിലേക്ക്‌..
ഒരാഴ്ച്ച കഴിഞ്ഞപ്പോൾ അയാൾ മരിച്ചു...
പൊതുശ്മശാനത്തിലേക്ക്‌ അയാളെ നാടു മുഴുവൻ അനുഗമിച്ചു...
നാട്ടിൽ മറ്റാർക്കും കിട്ടാത്ത അന്ത്യാഞ്ജലി......
ഞാൻ അത്ഭുതത്തോടെ ആലോചിച്ചത്‌ അതാണ്‌...
ഏതു സുക്രുതമാണാവോ വെറുമൊരു കള്ളനു്
--അനാഥനായി എവിടെയെങ്കിലും കിടന്ന് ആരും നോക്കാനില്ലാതെ മരിക്കാൻ സാദ്ധ്യതയുണ്ടായിരുന്ന ഒരാൾക്ക്‌----
ദേവി സന്ന്നിധിയിലെ മരണവും നാടിന്റെ മുഴുവൻ ബാഷ്പാഞ്ജലിയും ലഭിക്കുവാൻ കാരണമായത്‌?

Monday, October 27, 2008

വ്യത്യസ്തനായ ഒരു കള്ളന്റെ കഥ....

ഈ കള്ളൻ വ്യത്യസ്തനാകുന്നത്‌ അയാൾ വളരെ അറിവുള്ള ആളാണ്‌ എന്നതാണ്‌...
യഥാർത്ഥത്തിൽ അയാളൊരു പണ്ഡിതൻ തന്നെയായിരുന്നു..
നിരവധി ഭാഷകൾ അറിയാം...ഭൂമിക്ക്‌ കീഴിലുള്ള ഏത്‌ വിഷയത്തെകുറിച്ചും അറിവുണ്ട്‌....ഇന്ത്യയിൽ പോകാത്ത സ്ഥലമില്ല...
നിരവധി പ്രശസ്തവ്യക്തികളുമായി പരിചയം..
സംസ്കൃതം അറിയാം..ഇംഗ്ലീഷ്‌ ഫ്ലുവന്റ്‌ ആണ്‌...
ഒരുഗ്രൻ കഥാപാത്രം...
പക്ഷെ ഇടെക്കിടെ വരുന്ന ഉന്മാദം പോലെ എവിടെയോ ട്രാക്ക്‌ തെറ്റി...അയാൾ മോഷ്ടിക്കാനിറങ്ങും...
അറിയപ്പെടുന്നത്‌ കള്ളനായി....
ഇതിനിടയിൽ പല സ്റ്റാപനങ്ങളിലും ജോലി നോക്കും...
പാചക്കാരനും മറ്റുമായി..പക്ഷെ വീണ്ടും കളവിലേക്ക്‌ വഴുതി മാറും... ഇദ്ദേഹത്തിന്റെ മോഷണം ട്രെയിനിൽ ആണ്‌...ഗ്യാങ്ങുമുണ്ട്‌.. .അറിയപ്പെടുന്നത്‌ തീവണ്ടിയുടെ ഒരു പേരിൽ ആണ്‌.
അതുകൊണ്ട്‌ ഞാനത്‌ ഉപയോഗിക്കുന്നില്ല ..പകരം "ട്രെയിൻ മാൻ" എന്നു വിളിക്കാം...
ഇദ്ദേഹം യദ്ധാർത്ഥത്തിൽ ഞങ്ങളുടെ നാട്ടുകാരനല്ല...പക്ഷെ ടീയാന്റെ ഒരു സഹോദരിയുള്ളതുകൊണ്ടാണ്‌ ഇടക്കിടെ ഞങ്ങളുടെ നാട്ടിൽ വരുന്നത്‌...
മോഷണം ഒഴിച്ചാൽ ആള്‌ വളരെ വളരെ ഡീസന്റ്‌ ആണ്‌...
നാട്ടിലെ ബന്ധുവീടുകളിൽ എന്തു കാര്യമുണ്ടെങ്കിലും കഷി വന്നാൽ രക്ഷപെട്ടു..
എല്ലാം ഏറ്റെടുത്ത്‌ നടത്തിക്കഴിഞ്ഞു...ഉത്സവമായാലും കല്യാണമായാലും അടിയന്തിരമായാലും ആൾ വന്നാൽ പിന്നെ നേത്രുത്തം ഏറ്റെടുത്തു കഴിഞ്ഞു....
പിന്നെ എല്ലാം ഒകെ.....

ഇദ്ദേഹത്തെപറ്റിയുള്ള കഥകൾ എന്റെ ചെറുപ്പത്തിൽ അച്ചൻ അമ്മയോട്‌ പറയുന്നത്‌ കേട്ടിട്ടുണ്ട്‌...ഏതാണ്ട്‌ ഇതുപോലെയാണ്‌ കഥകൾ....

വീടുകളിൽ നിന്ന് മോഷ്ടിക്കില്ല...പക്ഷെ പണത്തിന്‌ ആവശ്യം വന്നാൽ ഏതെങ്കിലും മുതലാളിയുടെ വീട്ടിൽ ചെന്ന് പണം ചോദിക്കും...ടീയാനെ അറിയാവുന്നവർ ഒന്നും പറയാതെ കൊടുക്കും....ഇനി കൊടുത്തില്ലെങ്കിൽ ഏതാനും ദിവസ്സങ്ങൾക്കുള്ളിൽ അവിടെ മോഷണം നടക്കും... പക്ഷെ ഒരാഴ്ചക്കുള്ളിൽ സാധനങ്ങളെല്ലാം തിരികെകൊണ്ടു കൊടുക്കും...താക്കീതോടെ.. ..

ഇത്തരം കഥകൾ കുട്ടിക്കാലം മുതൽ കേട്ടിരുന്ന ഞാൻ വല്ലപ്പോഴും ഇയ്യാളെ നാട്ടിൽ വച്ച്‌ കാണുമ്പോൾ ഭയത്തോടെയാണ്‌ നോക്കിയിരുന്നത്‌...
അയാൾ ഭയപ്പെടെണ്ട ഒരു ഭീകരകഥാപാത്രമായിരുന്നു എനിക്ക്‌.... .
.കാലം കടന്നു പോകുന്നു...

എനിക്ക്‌ ചെറുപ്പം മുതലെ ഒരു ദുശ്ശീലമുണ്ട്‌..അഞ്ചരക്ക്‌ എഴുന്നേറ്റ്‌ നാട്ടിലെ ചായക്കടയിലേക്ക്‌ പോകും..അവിടെ കുറച്ചു പേർ പതിവുകാരുണ്ട്‌....മിക്കവരും പ്രായമായവർ..അവരുമായി കുറച്ചുനേരം വർത്തമാനം പറയുക..നാട്ടിൽ നടന്ന വിശേഷങ്ങൾ അറിയുക..തർക്കങ്ങളിൽ പങ്കുചേരുക...രസികൻ പരിപാടിയാണ്‌ കെട്ടൊ...ഇന്നും ഇത്‌ തുടരുന്നു...

നാട്ടിൽ ഞാൻ അറിയപ്പെടുന്ന ഒരു "ബുജി"ആയതുകൊണ്ടും നാട്ടിലെ ഏറ്റവും അറിവുള്ളയാളാണ്‌ ഞാൻ എന്നൊരു അഹങ്കാരം/മിഥ്യാധാരണ എനിക്കുള്ളതുകൊണ്ടും അത്‌ ഇടക്ക്‌ ചിലരൊക്കെ സമ്മതിച്ച്‌ തരാറുള്ളതുകൊണ്ടും എന്റെ അഭിപ്രായങ്ങൾക്ക്‌ എല്ലാവരും വില കൽപ്പിക്കാറുണ്ട്‌..---കാട്ടാളരിൽ കാപ്പിരി കാമദേവൻ---എന്നാണല്ലോ!

ഇങ്ങനെയിരിക്കെ നാലഞ്ചു വർഷങ്ങൾക്കുമുൻപ്‌ ഒരു പ്രഭാതം..
അഞ്ചരയോടെ ചായക്കടയുടെ മുന്നിലെത്തിയ ഞാൻ അകത്ത്‌ ഘനഗാംഭീരമായ ഒരു ശബ്ധം കേട്ട്‌ ആരാണാവൊ എന്ന അൽഭുതത്തോടെ അകത്ത്‌ കടന്നു...
ഞാനൊന്നു ഞെട്ടി..ട്രെയിൻ മാൻ ആയിരുന്നു അത്‌...
ആദ്യത്തെ നേരിട്ടുകാണൽ..
വൃദ്ധനായിരിക്കുന്നു അയാൾ..പക്ഷെ ആരോഗ്യത്തിനും പെർസണാലിറ്റിക്കും ഒരു കുറവുമില്ല...
അയാൾ ചായക്കടക്കാരൻ നാരായണൻ നായരോട്‌ ഒരു കഥ പറയുകയാണ്‌..ഒരു പുരാണ കഥ..
ഞാൻ ശ്രദ്ധിക്കാത്ത പോലെ ശ്രദ്ധിച്ചു ..
അയാൾ കഥ അവസാനിപ്പിക്കുകയാണ്‌...

"അങ്ങനെ കൊടും യുദ്ധത്തിനു ശേഷം അർജുനൻ കാട്ടാളനെ തോൽപ്പിച്ചു..അങ്ങനെ പാശുപതാസ്ത്രം കാട്ടാളനിൽ നിന്ന് അർജുനൻ സ്വന്തമാക്കി..."

ഞാനറിയാതെ ഉറക്കെ പറഞ്ഞു പോയി..
"ആ കഥ അങ്ങിനെയല്ല.."

പാമ്പ്‌ ഞെട്ടിത്തിരിയുന്ന പോലെ അയാൾ എന്റെ നേരെ തിരിഞ്ഞു.....
ഇരയെ നോക്കുന്ന രാജവെമ്പാലയെപ്പോലെ അയാൾ എന്നെ തുറിച്ചു നോക്കി..
വന്യ മൃഗത്തിനുമുന്നിൽ പെട്ട പാവം ജീവിയെപ്പോലെ ഞാനൊന്ന് കിടുകിടുത്തു.....


ക്ഷമിക്കുക...തീരുന്നു...അടുത്ത ലക്കത്തിൽ.....